ഈറന്‍ മേഘങ്ങള്‍...
നേരം വെളുത്തു വരുന്നതേയുള്ളൂ...
റെയില്‍വേ സ്റ്റേഷന്‍റെ പരിസരം മുഴുവന്‍ ഇപ്പോഴും നിയോണ്‍ വിളക്കുകള്‍ തെളിഞ്ഞു കിടക്കുന്നുണ്ട്..
ഇന്നലത്തെ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന ഇലത്തുമ്പുകളുടെ ഇടയിലൂടെ എത്തിനോക്കാന്‍ ശ്രമിക്കുന്ന ഇളവെയില്‍...
ഇവിടെ ഇരുന്നാല്‍ ആളുകള്‍ ഇറങ്ങിവരുന്നതും പോകുന്നതും കാണാം...
സ്റ്റേഷനു പുറത്ത് വലിയ തിരക്കൊന്നും കാണാനില്ല..
തൊട്ടടുത്ത ചായക്കടയില്‍ നിന്നും ഉയരുന്നപുകയില്‍,പ്രഭാതഭക്ഷണത്തിന്‍റെ കൊതിയൂറുന്ന മണം...
ഇവിടെ, ഇങ്ങനെകാത്തുകിടക്കാന്‍ തുടങ്ങിയിട്ട്,അരമണിക്കൂറിലേറെയായി...
ഏറെ നാളുകള്‍ക്കു ശേഷം അവളെ കാണാന്‍ കാത്തിരിക്കയാണ് ഞാന്‍...
അനുപമയെ...
എന്‍റെ അനുവിനെ...
ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ടെന്നു തോന്നുന്നു...
ഞാന്‍ കാറിന്‍റെ സീറ്റ് പിറകോട്ടാക്കി നിവര്‍ന്നു കിടന്നു...
ഓര്‍മ്മകള്‍...
അതിലേക്കുള്ള മടക്കയാത്ര എന്നും, എപ്പോഴും എനിക്കൊരു ഹരമാണ്...
എന്നും മനസ്സില്‍ കാത്തുവെച്ചിരുന്ന പ്രണയത്തിന്‍റെ കടല്‍...
സത്യത്തില്‍, അതിന്‍റെ വ്യാപ്തിയും,ആഴവും കൂടുംതോറും, അതൊരു വ്രതം പോലെ ..നന്നായി ജീവിക്കാന്‍ നമ്മളെ പ്രേരിപ്പിക്കും...
മനസ്സ്, ദൂരെ എവിടെയോ ഇരുന്ന്,തന്നെ സ്നേഹിക്കുന്ന ഒരാള്‍ക്കായി കാത്തുവെക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പോസിറ്റിവ് എനര്‍ജി...
അത് ഒരര്‍ഥത്തില്‍ ഒരു മൃതസഞ്ജീവനിയാണ്....
അകലങ്ങളില്‍ ആയിരിക്കുമ്പോള്‍ പ്രത്യേകിച്ചും...
ഒരു പക്ഷെ ,അതുകൊണ്ടു തന്നെയായിരിക്കാം,വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങിനെയൊരു സമാഗമം...
കൌമാരം മുതല്‍ക്കേ കണ്ടു പ്രണയിച്ച്,
മരണം വരെ ഒരുമിച്ചു,പ്രണയിച്ചു ജീവിക്കാന്‍ കൊതിച്ച രണ്ടുപേര്‍...
കാലം അവരെ കൊണ്ടെത്തിച്ചത് ജീവിതത്തിന്‍റെ രണ്ടു വെത്യസ്ത ധ്രുവങ്ങളില്‍ ആയിരുന്നു...
ഉള്ളിലുണ്ടായിരുന്ന സ്നേഹത്തിന്‍റെ ശക്തിവീണ്ടും അവരെ അടുപ്പിച്ചു...വര്‍ഷങ്ങള്‍ക്കു ശേഷവും...
തമ്മില്‍ പിരിഞ്ഞിട്ട് കാലമേറെ കഴിഞ്ഞിരുന്നെങ്കിലും ആ സ്നേഹം എപ്പോഴോ ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു...
ജീവിത യാത്രക്കിടയില്‍ കണ്ട, ആശ്വാസമാകുമെന്നു തോന്നിച്ച മുഖങ്ങളൊന്നും തങ്ങളുടെ പ്രിയപ്പെട്ടവരുടെതല്ല എന്ന തിരിച്ചറിവ്...
അതെല്ലാം കാരണമായിരിക്കാം...
കാണാനും മിണ്ടാനുമൊന്നും അവസരങ്ങള്‍ പിന്നീട് പരിമിതങ്ങളായിരുന്നു...
വല്ലപ്പോഴും മാത്രമുള്ള ഞങ്ങളുടെ കണ്ടുമുട്ടലുകള്‍ .
അതിനിടയില്‍ എപ്പോഴോ ഒരിക്കല്‍ ഞാന്‍ അവളോടുചോദിച്ചു -
നമുക്ക് ഒരു യാത്രപോയാലോ എന്ന്...
എല്ലാം മറന്ന്....ഒരിക്കല്‍ക്കൂടി ,ആ പഴയ കൌമാരക്കരായി....
അപ്പോള്‍ അവള്‍ ഒന്നും പറഞ്ഞില്ല...
എന്നാല്‍ ,കഴിഞ്ഞ ആഴ്ചയില്‍ പതിവുപോലെ വിളിച്ചപ്പോള്‍ അനു പറഞ്ഞു-'നീ ഡേറ്റ് തീരുമാനിച്ചോളൂ..ഞാന്‍ വരാം'...എന്ന്...
ഭര്‍ത്താവും, കുട്ടികളും ഒക്കെയായി ജീവിക്കുന്ന ഒരു സ്ത്രീക്ക് എങ്ങനെ ഇതിനു കഴിയും എന്നു ഞാന്‍ ചോദിച്ചില്ല...അവള്‍ പറഞ്ഞതുമില്ല...
കഴിഞ്ഞ ദിവസം,പതിവുപോലെ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞു-
'ഡാ.. ഈ മാസം പതിനെട്ടിന് അതായത് ഓഗസ്റ്റ് പതിനെട്ട് വെള്ളിയാഴ്ച്ച - രാവിലെ ആറുമണിയുടെ ട്രെയിനില്‍ ഞാന്‍ വരും...നീ കാത്തു നില്‍ക്കണം 'എന്ന്'....
എങ്ങോട്ടാണ് യാത്ര എന്നോ,എത്ര ദിവസത്തെക്കാണെന്നോ... പറഞ്ഞില്ല...
അങ്ങനെയാണ് ഈ തണുത്ത പ്രഭാതത്തില്‍ അവളെക്കാത്ത് ഞാന്‍ ...
ഏതോ ഒരു ട്രെയിന്‍ വന്നിട്ടുണ്ട്....
ആളുകള്‍ ഇറങ്ങി വരുന്നു ...സമയം ആറു മണി കഴിഞ്ഞിരിക്കുന്നു....
ഇതു തന്നെയായിരിക്കും അവള്‍ വരുന്ന വണ്ടി....
ഞാന്‍ സീറ്റ് നേരെയാക്കി...കയ്യിലെ ഫോണില്‍ നോക്കി....
വിളിയൊന്നും കാണുന്നില്ല....
വീണ്ടും സ്റ്റേഷന്‍റെ എന്‍ട്രന്‍സിലേക്ക് നോക്കി....
നേര്‍ത്ത മൂടല്‍മഞ്ഞ് കാഴ്ച മറക്കുന്ന സ്റ്റേഷന്‍റെ പടിക്കെട്ടുകള്‍ക്കു മുകളില്‍ അതാ അവള്‍...ചുറ്റും നോക്കിക്കൊണ്ട്....എന്നെ തിരയുകയാണ്...
ഞാന്‍ കാറിന്‍റെ ഡോര്‍ തുറന്നിറങ്ങി....കൈ ഉയര്‍ത്തി കാണിച്ചു....
ഒരു ചെറു പുഞ്ചിരിയോടെ അവള്‍ എന്‍റെ നേര്‍ക്ക് നടന്നടുത്തു..
കറുത്ത നിറത്തില്‍ ഫുള്‍ സ്ലീവ് ഉള്ള ചുരിദാര്‍ ആണ് വേഷം...കയ്യില്‍ ഒരു കൊച്ചു ബാഗ്...പിന്നെ ഹാന്‍ഡ് ബാഗ്....
ഞാന്‍ അടുത്ത് ചെന്ന് ബാഗ് വാങ്ങി,ബാക്ക് സീറ്റിലേക്കിട്ടു...
അവള്‍ ഡോര്‍ തുറന്ന് മുന്‍സീറ്റില്‍ കയറി...
'എപ്പോള്‍ ഇറങ്ങി വീട്ടില്‍ നിന്നും'...?
കാര്‍ സ്റ്റാര്‍ട്ടാക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു
'അഞ്ചു മണിക്ക് ' ...
'നിനക്ക് ചായ കുടിക്കണോ'..?
'വേണം'...
കുറച്ചു മാറി ഒരു ചെറിയ ചായക്കട കണ്ടു ഞാന്‍ വണ്ടി നിര്‍ത്തി...
അനു ചൂടുള്ള ചായ ഊതിയൂതി കുടിക്കുന്നത് ഞാന്‍ നോക്കി നിന്നു...
യാത്ര തുടര്‍ന്നു...
'എവിടെക്കാണ് പോകേണ്ടത് ..?'ഞാന്‍ ചോദിച്ചു....
'ആ ...എനിക്കറിയില്ല'....
'നീയല്ലേ എന്നെ വിളിച്ചത്...ഞാന്‍ വന്നു'...'പണ്ടും ഇങ്ങനെ തന്നെ അല്ലായിരുന്നോ'...?
ഞാന്‍ ഒന്നും മിണ്ടാതെ കാര്‍ വിട്ടു...
കുറെ ദൂരം പിന്നിട്ടപ്പോള്‍ അവള്‍ക്കു വഴി മനസ്സിലായി ...
എന്നെ നോക്കി ഒരു ചെറുചിരിയോടെ അവള്‍ ചോദിച്ചു- 'മൂന്നാറിലേക്ക്'..?
'ഡാ ..എനിക്ക് മറ്റന്നാള്‍ രാവിലെ തിരിച്ചെത്തണം'...
'മ്'...ഞാന്‍ മൂളി...
വളവുകളും തിരിവുകളും പിന്നിട്ട് കാര്‍ ഓടിക്കൊണ്ടിരുന്നു...
യാത്രയുടെ ഏതോ ഒരു നിമിഷത്തില്‍ അനു എന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു....
എന്‍റെ ഇടതു കൈ കയ്യിലെടുത്ത് വിരലുകള്‍ കോര്‍ത്തു പിടിച്ചു.....
ആര്‍ദ്രമായിരുന്ന അവളുടെ കണ്ണുകള്‍...
അവളുടെ നീണ്ടു സുന്ദരമായ കൈ ഞാന്‍ എന്‍റെനെഞ്ചോടു ചേര്‍ത്തു
ഒരു നേര്‍ത്ത മന്ദഹാസത്തോടെ അവള്‍ എന്‍റെ തോളിലേക്ക് തല ചായ്ച്ചു...
മെല്ലെ കണ്ണുകള്‍ അടച്ചു...
ഹൈറേഞ്ചിന്‍റെ മല നിരകളില്‍ പ്രഭാത സൂര്യന്‍റെ ഇളവെയില്‍ ഒളിച്ചു കളിക്കയാണെന്ന് തോന്നും...
നേര്‍ത്ത മഴകഴിഞ്ഞ വഴിത്താരകളില്‍ നിന്നും,ഉഷ്ണവായു മൂടല്‍ മഞ്ഞുപോലെ ഉയര്‍ന്നിരുന്നു...
കാടിന്‍റെ നടുവിലൂടെയുള്ള യാത്രക്കുമപ്പുറം, ഒരു ചെറിയ ഹോട്ടലില്‍ ഞാന്‍ വണ്ടി നിര്‍ത്തി...
അനു ഇപ്പോഴും മയക്കത്തിലാണ്...
ഞാന്‍ മെല്ലെ തട്ടിയുണര്‍ത്തി....
'വരൂ....എന്തെങ്കിലും കഴിക്കാം'....
മലമുകളില്‍ നിന്നും പാറയിടുക്കിലൂടെ ഒഴുകി വരുന്ന കണ്ണീരുപോലുള്ള തണുത്ത വെള്ളം..
അതില്‍ മുഖം കഴുകിയപ്പോഴേക്കും ഒരു പുതിയ ഉന്‍മേഷം....
നല്ല ആവി പറക്കുന്ന പുട്ടും,കടലക്കറിയും പപ്പടവും....
കൂട്ടിനു നല്ല നാടന്‍ കാപ്പി....
ചുറ്റും പ്രകൃതിസൌന്ദര്യത്തിന്‍റെ നേര്‍ക്കാഴ്ചകള്‍...
സ്റ്റാര്‍ഹോട്ടലുകളിലെ ബ്രേക്ക് ഫാസ്റ്റിനു നല്‍കാനാവാത്ത സംതൃപ്തി...
അവിടെ നിന്നും ഇറങ്ങിയപ്പോഴേക്കും അനു നല്ല മൂഡില്‍ ആയിരുന്നു...
പിന്നെ വാ തോരാതെ സംസാരമായി ....
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതിലെ,ഈ വഴിയി ലൂടെ പോയിട്ടുണ്ട് ...
പലവട്ടം...
യുവത്വത്തിന്‍റെ തിളപ്പും,പ്രണയത്തിന്‍റെ തുടുപ്പും ഒന്നുചേര്‍ന്നുള്ള ആ യാത്രകളുടെ മധുരിക്കുന്ന ഓര്‍മ്മകളിലായി പിന്നെ ഞങ്ങള്‍....
അങ്ങനെ മുന്നാറില്‍ എത്തിയത് അറിഞ്ഞതേയില്ല....
തേയിലത്തോട്ടങ്ങള്‍ പച്ച പുതച്ച,കോടമഞ്ഞിന്‍ താഴ്വരകള്‍...
അതിനിടയിലൂടെ നീലപ്പൂക്കുട ചൂടി നില്‍ക്കുന്ന 'ജക്കാര്‍ന്ത' മരങ്ങള്‍...
വഴിയോരം പറ്റി നടന്നു നീങ്ങുന്ന തമിഴ് പെണ്മണികള്‍...
മൂന്നാറിന്‍റെ തനതു കാഴ്ചകള്‍
ടൌണിന്‍റെ തിരക്കില്‍ നിന്നൊഴിഞ്ഞായിരുന്നു ബുക്ക് ചെയ്തിരുന്ന ഹോട്ടല്‍...
വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ റിസപ്ഷനിലെത്തി...
കൌണ്ടറില്‍ രജിസ്റ്ററില്‍ മിസ്റര്‍ ആന്‍ഡ് മിസ്സിസ് രാജീവ് എന്നെഴുതുമ്പോള്‍ അവള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു...
അവളുടെ വിടര്‍ന്ന കണ്ണുകളുടെ കോണില്‍ ഒരു കള്ളച്ചിരി മിന്നി മറഞ്ഞിരുന്നോ....
നൂറ്റി അഞ്ചാം നമ്പര്‍ സ്യൂട്ട് റൂമിന്‍റെ താക്കോല്‍ തന്നു റൂം ബോയ് തിരിച്ചു പോയി....
ജനാലകള്‍ തേയിലത്തോട്ടത്തിലേക്ക് തുറക്കുന്ന ബാല്‍ക്കണിയുള്ള ഭംഗിയുള്ള റൂമായിരുന്നു ഞങ്ങളുടേത് ...
ജനാലയുടെ കര്‍ട്ടന്‍ നീക്കി അനു പുറത്തേക്കു നോക്കി നിന്നു ..
വെളുപ്പിനുതുടങ്ങിയ യാത്ര..
കിടക്കയില്‍ കിടന്ന ഞാന്‍ മയങ്ങിപ്പോയി...
പിന്നെ ഉണരുന്നത് അവള്‍ ബാത്ത് റൂമിന്‍റെവാതില്‍ തുറക്കുന്ന ശബ്ദം കേട്ടാണ് ...
നിനക്ക് കോഫി വേണോ..?
ഞാന്‍ റിസപ്ഷനില്‍ വിളിച്ചു കോഫി ഓര്‍ഡര്‍ ചെയ്തു...
കോഫി വരുമ്പോളേക്കും ഞാന്‍ ഒന്ന് കുളിച്ചു വരാം...
ഞാന്‍ ബാത്ത്റൂമിലേക്ക് കയറി...
തിരിച്ചിറങ്ങുമ്പോള്‍, അനു ബാല്‍ക്കണിയിലാണ്...
ഉടുപ്പുകള്‍ എല്ലാം മാറിയിരിക്കുന്നു...ഒരു ഷാള്‍ പുതചിട്ടുണ്ട്....
തണുക്കുന്നോ നിനക്ക്..? ഞാന്‍ ചോദിച്ചു...
മ് ...എന്‍റെ അടുത്ത് വന്നിരുന്ന് വെയിറ്റര്‍ കൊണ്ടു വെച്ചിരുന്ന കോഫി രണ്ടു കപ്പുകളിലാകി അവള്‍ ഒന്നെനിക്കു നീട്ടി...അവള്‍ മൂളി...
ക്ഷീണമുണ്ടെങ്കില്‍ നീ കുറച്ചു കിടന്നോളൂ...ലഞ്ചിന് ഇനിയും സമയമുണ്ട്...
ഞാന്‍ പറഞ്ഞു....
കിടക്കയില്‍ തലയണ വെച്ചു ഞാന്‍ ചാരി ഇരുന്നു...
ടീ വി യുടെ റിമോട്ട് കയ്യിലെടുത്തുകൊണ്ട് അവളും കിടക്കയില്‍ വന്നിരുന്നു...
പിന്നെ എന്നോട് ചേര്‍ന്നിരുന്നു....
ഞാന്‍ അവളുടെ കൈ കൈക്കുള്ളില്‍ എടുത്ത്,നീണ്ട വിരലുകളില്‍ ചുംബിച്ചു...
അനു എന്‍റെ മടിയിലേക്ക് തല വെച്ചു കിടന്നു...
അവളുടെ ചുരുണ്ട മുടിയിഴകളെ തലോടിക്കൊണ്ട് ഞാന്‍ ഓരോന്ന് പറയുവാന്‍ തുടങ്ങി...
ഒരു പാതി മയക്കത്തിലേക്ക് അവള്‍ ഒഴുകിയിറങ്ങുന്നത് നോക്കി ഞാനിരുന്നു....
താഴെ റെസ്റ്റോറന്‍റില്‍ പോയി ആണ് ലഞ്ച് കഴിച്ചത്...
തിരികെ റൂമില്‍ വന്ന് കുറച്ചു നേരം ടീ.വീ.കണ്ടു...വെയില്‍ താണപ്പോള്‍ പുറത്തേക്കിറങ്ങി..
കോട മഞ്ഞിന്‍റെ പുതപ്പിട്ട തേയിലത്തോട്ടങ്ങള്‍...
കാറ്റില്‍ ജമന്തിപ്പൂ മണം...
പുറത്തിറങ്ങിയ അനു ആ പഴയ കൌമാരക്കാരിയാകുകയായിരുന്നു...
എന്നോട് ചേര്‍ന്ന് എന്നെ കെട്ടിപ്പിടിച്ചു നടന്ന് അവള്‍ ആ പഴയ കാലത്തേക്ക് തിരിച്ചു പോയി...
പൂക്കള്‍ നിറഞ്ഞ വഴി അവസാനിക്കുന്ന കുന്നിന്‍റെ മുകളിലെ അമ്പലത്തിലേക്ക് ആളുകള്‍ പോകുന്നുണ്ടായിരുന്നു...
'ഡാ ...നാളെ നമുക്ക് ആ അമ്പലത്തില്‍ പോകണം'...
അനു പറഞ്ഞു...
ഞാന്‍ തലയാട്ടി...
വഴിത്താരകളില്‍ ഇരുട്ടും കോടമഞ്ഞും നിറഞ്ഞപ്പോള്‍ ഞങ്ങള്‍ റൂമിലക്ക് തിരിച്ചു വന്നു...
റെസ്റ്റോറന്‍റില്‍ നിന്നും ഡിന്നറും കഴിഞ്ഞാണ് ഞങ്ങള്‍ റൂമിലേക്ക് പോയത്...
ചെന്നപാടെ അനു മേല്‍ കഴുകാന്‍ പോയി...
നീ കുളിക്കുന്നില്ലേ..?
തണുപ്പു കാരണം മടിപിടിച്ചിരുന്ന എന്നെ അവള്‍ തള്ളി കുളിമുറിക്കകത്താക്കി..
മേലുകഴുകി വന്നപ്പോള്‍ അവള്‍ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു...
പിന്നിലൂടെ ചെന്ന് ഞാന്‍ അവളുടെ തോളില്‍ കൈ വെച്ചു...
തിരിഞ്ഞ അവള്‍ മെല്ലെ എന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു...
ഏതോ സ്വപ്നലോകത്തിലായി ഞങ്ങള്‍..
ശീതക്കാറ്റ്അസഹ്യമായപ്പോള്‍ തിരികെ.മുറിയിലേക്ക് ...
കുറച്ചു നേരം ടി.വി കണ്ടു കൊണ്ടിരുന്നു....
എന്‍റെ അടുത്ത് വന്നു കിടന്ന അവള്‍ എപ്പോഴോ ഉറങ്ങിയിരുന്നു...
ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ സന്തോഷത്തില്‍ ഉറങ്ങുന്ന കുട്ടിയുടെ മുഖമായിരുന്നു അപ്പോളവള്‍ക്ക്...
കമ്പിളി എടുത്ത് അവളെ പുതപ്പിച്ചു ഞാന്‍ കിടന്നു...
ഉറക്കത്തിനിടയില്‍ എപ്പോഴോ എന്‍റെ നെഞ്ചില്‍ ആയി അവളുടെ മുഖം...
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കാല്‍ മേലേക്ക് കയറ്റി വെച്ച് അവളുടെ ആധിപത്യം എന്നില്‍ ഉറപ്പിച്ചു...
കര്‍ട്ടന്‍റെ ഇടയിലൂടെ ഒളിച്ചുവന്ന സൂര്യരശ്മികളാണ് രാവിലെ എന്നെ വിളിച്ചുണര്‍ത്തിയത് ...
പിന്നാലെ കുളികഴിഞ്ഞു ഫ്രഷ് ആയി,കയ്യില്‍ കാപ്പി കപ്പുമായി അവള്‍...
'ഞാന്‍ ഉറങ്ങിപ്പോയി'...
'ഞാനും നന്നായി ഉറങ്ങി '...അവള്‍ പറഞ്ഞു...
കുളികഴിഞ്ഞു വന്നപ്പോഴേക്കും അവള്‍ റെഡി യായിരുന്നു...
പുറത്തിറങ്ങി കുറെ ദൂരം നടന്നു...
ഒരു സാധാരണ ഹോട്ടലില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ്...
ചൂടുദോശയും,സാമ്പാറും ചട്ണിയും...
എന്‍റെ പ്ലേറ്റില്‍ നിന്നും അവള്‍ ആവശ്യത്തിന് എടുത്തു കഴിക്കുന്നത് ഞാന്‍ നോക്കിയിരുന്നു ...
ഇപ്പോള്‍ അനു മറ്റെല്ലാം മറന്നിരിക്കുന്നു....
കഴിച്ചിട്ട് വീണ്ടും ടൌണിലൂടെ കറക്കം...
ഒരു ഹാന്‍ഡ് ലൂം കടയില്‍ കയറി...അവള്‍ ഒരു സെറ്റ് സാരി വാങ്ങി...
വൈകിട്ട് അമ്പലത്തില്‍ പോകുമ്പോള്‍ ഉടുക്കാനാണ്...അവള്‍ പറഞ്ഞു...
പിന്നെ,കുറച്ചു കീ ചെയ്നുകള്‍...അങ്ങനെ...
ഉച്ച ഭക്ഷണവും കഴിഞ്ഞ്,തിരികെ റൂമില്‍ വന്ന് കുറച്ചു നേരം റെസ്റ്റ് എടുത്തു..
വൈകിട്ടായപ്പോള്‍ പുറത്തു പോകാന്‍ ഒരുങ്ങി...
പുതിയ സെറ്റ് സാരിയില്‍ അവള്‍ വളരെ സുന്ദരിയായിരുന്നു...
'എങ്ങനെയുണ്ട് '.?കണ്ണെടുക്കാതെ നോക്കി നിന്ന എന്നോട് അനു ചോദിച്ചു..
കൊള്ളാം ..'പക്ഷെ ഒന്നും ഇല്ലാത്തതാ നിനക്ക് നല്ലത് '
പോടാ പട്ടി...അവള്‍ എന്‍റെ കയ്യില്‍ നുള്ളി ...
എന്നോട് ചേര്‍ന്ന് കണ്ണാടിയുടെ മുന്നില്‍ അവള്‍ നിന്ന്...
ഇപ്പൊ ആരു കണ്ടാലും ഞാന്‍ നിന്‍റെ ഭാര്യയാണെന്നെ തോന്നൂ...മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ ..അല്ലേ ടാ...?
ഞാന്‍ മൂളി...
കുന്നിനു താഴെ പൂക്കടയില്‍ നിന്നും കുറെ കുറച്ചു മുല്ലപ്പൂ വാങ്ങി അനു മുടിയില്‍ ചൂടി ....
നിരത്തി വെച്ചിരുക്കുന്ന സിന്ദൂരക്കുന്നുകളില്‍ നിന്നും കടും ചുവപ്പ് നിറത്തില്‍ സിന്ദൂരവും ....
അവിടെ വെച്ചു തന്നെ എന്നെക്കൊണ്ട് തൊടുവിച്ചു...
മലമുകളിലെ അമ്പലത്തില്‍ ആളുകള്‍ കുറവായിരുന്നു...
ഒരു വലിയ ആല്‍മരത്തില്‍ തൊട്ടിലുകള്‍ തൂക്കിയിട്ടിരിക്കുന്നു..
കൂടെ പാവകള്‍,വിവിധ നിറങ്ങളിലുള്ള തുണികള്‍ ..അങ്ങനെയങ്ങനെ ...
ഗ്രാമവാസികളുടെ ഓരോ വിശ്വാസങ്ങള്‍...
അന്തിവെയില്‍ മലയിടുക്കുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ തിരിച്ചു നടന്നു...
ലൈറ്റ് ആയ ഡിന്നറും കഴിഞ്ഞാണ് റൂമിലെത്തിയത്....
റൂമിലെത്തിയ അവള്‍ പറഞ്ഞു-
'എടാ എനിക്കൊരാഗ്രഹം - ഇന്ന് നിന്‍റെയൊപ്പം ഈ ഡ്രസ്സില്‍ ഉറങ്ങണം...
ഒരു കല്യാണപ്പെണ്ണിനെപ്പോലെ'...
അവള്‍ വേഷം മാറ്റിയില്ല ....
രാവിലെ പുറപ്പെടേണ്ടതുകൊണ്ട് എല്ലാം അടുക്കി വെക്കാനുണ്ടായിരുന്നു...
എല്ലാം കഴിഞ്ഞ് അവള്‍ കിടക്കയില്‍ വന്നിരുന്നു ...
ഞാന്‍ മെല്ലെ ചേര്‍ത്തു പിടിച്ചു....കിടക്കയിലേക്ക് കിടത്തി...
മുഖം കൈകളിലെടുത്തു നെറ്റിയിലും,കണ്ണിണകളിലും മെല്ലെ ചുംബിച്ചു....
അവള്‍ എന്‍റെ നെഞ്ചി ലേക്ക് ചാഞ്ഞു...
ആ മുടിയിഴകളെ തഴുകി...ഞാന്‍ കിടന്നു...
പ്രണയത്തിന്‍റെ മൌനം ഇത്രയും വാചാലമാകുന്നത് ഇതാദ്യമായിരുന്നു...
ഒരു മണവാട്ടിയുടെ,ഭാവത്തില്‍ ,എന്നോട് ചേര്‍ന്ന് അവള്‍ ...
ഇതിനിടയില്‍ എപ്പോഴോ അനു ഉറങ്ങിയിരുന്നു ...
അതിരാവിലെ തന്നെ ഞങ്ങള്‍ തിരിച്ചു...
തിരികെയുള്ള യാത്രയില്‍ അനു അധികം സംസാരിച്ചില്ല...
കോര്‍ത്തു പിടിച്ച എന്‍റെ കയ്യില്‍ ഇടയ്ക്കിടെ അവളുടെ വിരലുകള്‍ മുറുകുന്നുണ്ടായിരുന്നു ...
കണ്ണുകള്‍ പലപ്പോഴും സജലങ്ങളായി....
റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും അനു നോര്‍മല്‍ ആയിരുന്നു......
ഇറങ്ങാന്‍ നേരം എന്‍റെ കൈ പിടിച്ചു ചുണ്ടോടു ചേര്‍ത്തു...
പിന്നീടു തിരിഞ്ഞു നോക്കാതെ അവള്‍ നടന്നു പോയി...
തിരക്കിനിടയിലൂടെ പടിക്കെട്ടുകള്‍ കയറി ..കണ്ണില്‍ നിന്നും മറഞ്ഞു ...
ഇനി,അവളുടെ അടുത്ത കോള്‍ വരുന്നതു വരെ,ഞാനും എന്‍റെ സ്വപ്നങ്ങളും തനിച്ച്....