Saturday, April 30, 2016

പറയാന്‍ മറന്നത്.....



രാത്രിമഴയുടെ  നേര്‍ത്ത ഇരമ്പം....

മഴത്തുള്ളികള്‍ ഭൂമിയില്‍ പതിക്കുമ്പോള്‍,ഹൃദയത്തിലും അവാച്യമായഅനുഭൂതി വന്നു നിറയുകയായി...

കഴിഞ്ഞ കുറെ ദിവസങ്ങളായി മനസ്സ് അങ്ങനെ പറന്നുനടക്കുകയാണ്...

ദിവസങ്ങള്‍ക്കു മുന്‍പ് അവിചാരിതമായതാണ് ഞാന്‍ ആ പെണ്‍കുട്ടിയെ കാണുന്നത്...

പ്രതീക്ഷിക്കാതെ പെയ്ത ഒരു സായംകാല മഴയില്‍,
എന്‍റെ മുന്നിലൂടെ കുടയുംചൂടി അവള്‍ നടന്നു വന്നു...

കറുത്ത ചുരിദാറില്‍, ഫയല്‍ മാറോടടുക്കി അങ്ങനെ മെല്ലെ എന്നെക്കടന്നുപോയ ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ഒരു നിമിഷാര്‍ധം എന്നില്‍ പതിഞ്ഞിരുന്നോ ആവോ..?

മഴ മാറി,ബൈക്കെടുത്തു യാത്ര തുടങ്ങിയ ഞാന്‍, പിന്നീടുവന്ന മഴ എന്നെ നനച്ചുകൊണ്ട് കടന്നുപോയത് അറിഞ്ഞതേയില്ല ...

മനസ്സില്‍ ഒരുഭാരം പോലെ...

രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും,ആ ഭാരത്തിന്‍റെ മൃദുസ്പര്‍ശം എന്നില്‍...

സുഖമുള്ള ഒരു വികാരമായി അതെന്‍റെഹൃദയത്തിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു...പിന്നീട്..

അടുത്ത ദിവസവും,പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ അവള്‍ എന്‍റെ മുന്നിലൂടെ കടന്നുപോയി...

ഒന്നു  ചിമ്മിയടഞ്ഞ ആ മിഴികള്‍ക്കുള്ളില്‍,ഒരു മന്ദഹാസം ഒളിപ്പിചിരുന്നോ എന്നറിയില്ല...

പിന്നീടുള്ള എന്‍റെ ദിവസങ്ങള്‍ക്ക് അവളുടെ മുഖമായിരുന്നു....

വീണ്ടും വീണ്ടും കാണാനുള്ള ആഗ്രഹം...

ഏറെ കഷ്ട്ടപ്പെട്ടാണ് അവളുടെ സുഹൃത്തില്‍ നിന്നും അവളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞത്...

ജാതിയും മതവും ഒന്നും എന്നെ പിന്തിരിപ്പിച്ചില്ല...

ഊണിലും,ഉറക്കത്തിലും ആ സുന്ദരമുഖം എന്നില്‍ നിറയുകയായിരുന്നു...

എന്‍റെ മനസ്സിലെ ഇഷ്ട്ടം അവളോടു തുറന്നുപറയാന്‍,അവളുടെ മനസ്സറിയാന്‍..എല്ലാം അദമ്യമായ ആഗ്രഹം ..പക്ഷെ അതിനുള്ള അവസരം ശരിയായി വന്നില്ല...

എന്നും, അവല്‍ പോകുന്ന വഴിയിലെവിടെയെങ്കിലും കാത്തു നില്‍ക്കും...ചില ദിവസങ്ങളില്‍, കാണാന്‍ സാധിക്കാറില്ല..പിന്നെ അടുത്ത ദിവസതിനായുള്ള നീണ്ട കാത്തിരിപ്പാണ്...

അന്നൊക്കെ എന്‍റെ ഏറ്റവും വെറുക്കപ്പെട്ട, അല്ലെങ്കില്‍ നീളം കൂടിയ ദിനങ്ങള്‍ വാരാന്ത്യത്തിലേതായിരുന്നു...

വെള്ളിയാഴ്ച കഴിഞ്ഞാല്‍, പിന്നെ ഒന്ന് കാണാന്‍ തിങ്കളാഴ്ച വൈകിട്ട് വരെ കാത്തിരിക്കണം...

എന്‍റെ മനസ്സിലെ ഇഷ്ട്ടം അവളോടു പറയാനുള്ള അവസരം കിട്ടാത്തതു പോലെ തന്നെ അത് പറഞ്ഞാല്‍ അവള്‍ എങ്ങനെ പ്രതികരിക്കും എന്നും ഉള്ള ഒരു ആകാംഷയും എന്നെ അലട്ടിയിരുന്നു...

അവസാനം അതിനും, അവളുടെ സുഹൃത്തിന്‍റെ സഹായം തേടി....

ഒത്തിരി ആലോചിച്ചതിനു ശേഷം ഒരു കത്തെഴുതാന്‍ തീരുമാനിച്ചു....

പക്ഷെ, എഴുതി വന്നപ്പോള്‍ ഒന്നും അങ്ങ് ശരിയായില്ല....

കീറിക്കളഞ്ഞു വീണ്ടും, വീണ്ടും എഴുതി.....

വാകപ്പൂവുകള്‍ ...

 



ഗുല്‍മോഹര്‍ മരങ്ങള്‍ തീര്‍ത്ത ചുവപ്പുപരവതാനിയിലൂടെ ഞാന്‍ മെല്ലെ നടന്നു...

സമയം മൂന്നുമണി കഴിഞ്ഞിട്ടുണ്ടാകും ...

തീരത്ത് ഉയരുന്ന ചൂടിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന കായല്‍ക്കാറ്റ്,തോല്‍വി സമ്മതിക്കുവാനാകാതെവീണ്ടും വീണ്ടും അതിനു ശ്രമിക്കുന്നുവെന്നുതോന്നും...

തിരക്കു കുറഞ്ഞ ഒരു മരച്ചുവട്ടിലേക്ക് ഞാന്‍ നടന്നു...

ഭാഗ്യം...അവിടെയിരുന്ന രണ്ടുപേര്‍ പോകാന്‍ തുടങ്ങുന്നു....

കായലിന് അഭിമുഖമായി കല്‍ക്കെട്ടില്‍ ഞാനിരുന്നു ...

ഇവിടെയിരുന്നാല്‍ ഒരേസമയം കായലും നീണ്ട നടവഴിയും കാണാം ...

അന്നും ഇന്നും മറൈന്‍ ഡ്രൈവ് ഒരുപോലെതന്നെ...

ഇപ്പോഴും അതിന്‍റെ ചാരുതയിലേക്ക് ആളുകളെ കൊണ്ടുവരാന്‍ ഒരു പ്രത്യേക കഴിവാണ്...

തണല്‍ മരങ്ങള്‍ക്ക് കീഴെ മിക്കയിടത്തും കാമുകീ കാമുകന്മാര്‍...

കൂടുതലും വിദ്യാര്‍ത്ഥികളാണ്...

ദൂരെ നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ നിന്നും നീണ്ട സൈറന്‍ കേള്‍ക്കുന്നു...

നാവിക സേനയുടെ ഒരു ചെറു വിമാനം വട്ടമിട്ടു പറക്കുന്നുണ്ട്...

കായലില്‍ സവാരിക്കാരേക്കാത്ത് ഇളകിക്കിടക്കുന്ന ബോട്ടുകള്‍....

പിന്നെ,പതിവായി കാണാറുള്ള കൈനോട്ടക്കാര്‍,ചെറിയ ചെറിയ കച്ചവടക്കാര്‍...

കൈ നിറയെ മൈലാഞ്ചിയും,നിറമുള്ള കുപ്പിവളകളുമണിഞ്ഞ  ഒരു പെണ്‍കുട്ടിയും,അവളുടെ കൈ കോര്‍ത്തുപിടിച്ച് ഒരു ചെറുപ്പക്കാരനും എന്നെക്കടന്നുപോയി...

ഹണിമൂണ്‍ ആഘോഷിക്കാന്‍ വന്ന മറുനാട്ടുകാരാണ്...

ചെറുപ്പക്കാരന്‍ എന്തോ പറഞ്ഞതുകേട്ട്‌ പൊട്ടിച്ചിരിക്കുന്ന പെണ്‍കുട്ടി...

ഇവിടെ ഇങ്ങനെയിരുന്നാല്‍ സമയം പോകുന്നതറിയില്ല ...

അലസമായി ഞാന്‍ വാച്ചിന്‍റെ ഡയലിലേക്കും,പിന്നെ നടപ്പാതയിലെക്കും പാളി നോക്കി...

ദൂരെ,.ജി.സീ.ഡി.എ കോംപ്ലെക്സിന്‍റെ പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന മാളുവിനെ ആ തിരക്കിനിടയിലും എനിക്ക് കാണാമായിരുന്നു...

പണ്ടും ഇങ്ങനെ തന്നെയായിരുന്നു കാത്തിരിപ്പ്‌...

നീണ്ട പതിമൂന്നു വര്‍ഷങ്ങള്‍ അവളില്‍ വരുത്തിയ മാറ്റങ്ങളൊഴിച്ചാല്‍...

പണ്ട്,കടും നിറങ്ങളും,മോഡേണ്‍ ഡ്രസുകളും ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന ആള്‍...

ഇന്ന്,വര്‍ണ്ണപ്പകിട്ടുകളില്ലാത്ത കോട്ടന്‍സാരി...

കഴുത്തില്‍ നേര്‍ത്ത ഒരു മാല..മൊട്ടു കമ്മല്‍...

കയ്യില്‍ ഒരു വള...

പക്വത തോന്നിക്കുവാനെന്നോണം വെച്ചിരിക്കുന്ന കണ്ണട...

തീര്‍ന്നു...തികച്ചും പ്രൌഡയായ ഒരു വീട്ടമ്മ...

ഞാന്‍ കയ്യുയര്‍ത്തിക്കാട്ടി...

പ്രത്യഭിവാദ്യമായി ഒരു നേര്‍ത്ത മന്ദഹാസം കണ്ണടയുടെ ഇടയിലൂടെ മിന്നി മറഞ്ഞു...

"നീ വന്നിട്ട് ഏറെ നേരമായോ"...?

എന്‍റെ അടുത്ത്‌ഇരിക്കുന്നതിനിടെ സാരിത്തലപ്പ് പിടിചിട്ടുകൊണ്ട് അവള്‍ ചോദിച്ചു...

ഒരു മൂളലില്‍ ഞാന്‍ മറുപടി ഒതുക്കി...

"എന്തുപറയുന്നു അനിലും കുട്ടികളും"....?

"അനില്‍ ടൂറിലാണ്...മക്കള്‍ സ്കൂളില്‍ പോയിരിക്കുന്നു"...

പതിവു ചോദ്യങ്ങളും,ഉത്തരങ്ങളും...

കായല്‍ക്കാറ്റ് അവളുടെ ചുരുണ്ട മുടിയിഴകളെ തഴുകി എന്നെക്കടന്നുപോയി...

വര്‍ഷങ്ങള്‍ക്കു മുന്‍പ്...

ഇതേപോലെ ഈ പടവുകളില്‍ ചേര്‍ന്നിരുന്ന്ഒത്തിരി സ്വപ്‌നങ്ങള്‍ കണ്ടിരുന്നു...

ജീവിതത്തിന്‍റെ ആകസ്മികതകളില്‍പ്പെട്ട് പരസ്പ്പരം പിരിയേണ്ടി വന്നു...

അവള്‍ വിവാഹിതയായി...

രണ്ടു കുട്ടികളുടെ അമ്മയായി...

നീണ്ട ഇടവേളക്കു ശേഷം ഒരിക്കല്‍ക്കൂടി വീണ്ടും ഈ നഗരത്തില്‍ തന്നെ കണ്ടുമുട്ടാനായിരുന്നു നിയോഗം...

പ്രവാസ ജീവിതത്തില്‍, വേരുകളും ശിഘരങ്ങളും നഷ്ടപ്പെട്ട ഞാന്‍ വീണ്ടും ഈ നഗരത്തിലേക്ക് തന്നെ തിരിച്ചുവരാനും ,ഈ തിരക്കില്‍ ഒരിക്കല്‍ക്കൂടി കണ്ടുമുട്ടാനും ...

തമ്മില്‍ പിരിഞ്ഞ്പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സായാഹ്നത്തില്‍ അവിചാരിതമായി വന്ന ഒരു ഫോണ്‍ കോള്‍...

മറുതലക്കലെ ശബ്ദം വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു വിറയലായി ശരീരത്തിലേക്കെത്തി ...

ഒരേ നഗരത്തില്‍ കഴിഞ്ഞ കുറേ നാളുകളായി അടുത്തടുത്ത താമസക്കാരായിട്ടും പരസ്പ്പരം,ഒരിക്കല്‍പ്പോലും കാണാതെ,അറിയാതെ പോയതും കാലത്തിന്‍റെ മറ്റൊരു തമാശ...

പിന്നീട് വല്ലപ്പോഴും ഇതുപോലെ കാണാറുണ്ട്...

മിക്കവാറും അത് ഞങ്ങളില്‍ ഒരാളുടെ പിറന്നാള്‍ ദിനത്തിലോ,അല്ലെങ്കില്‍ ഞങ്ങള്‍ ആദ്യമായി കണ്ട ദിവസത്തിലോ ആയിരിക്കും...

ഇതുപോലെയുള്ള കണ്ടുമുട്ടലുകള്‍ക്കു ശേഷം,അടുത്തെവിടെയെങ്കിലുമുള്ള ഒരു റസ്റ്റോറന്റില്‍ നിന്നും കുറച്ചു ഭക്ഷണം...

അതു കഴിഞ്ഞാല്‍, പണ്ടത്തെതു പോലെ  നഗരത്തിലെ തിരക്കിലൂടെ ഒരുമിച്ച് കുറച്ചു ദൂരം നടക്കും...

ആ നേരത്ത് അവള്‍ ആ പഴയ കൌമാരക്കാരിയാകും...

പോകാന്‍ നേരം പണ്ടത്തെതുപോലെ എന്‍റെ നേരെ കൈ നീട്ടും...

വണ്ടിക്കൂലിക്കാണ്....പണ്ടു മുതലേയുള്ള പതിവ്...

ഞാന്‍ കൈക്കുള്ളില്‍ വെച്ചു കൊടുക്കുന്നതിന്‍റെ എത്രയോ ഇരട്ടി അവളുടെ ഹാന്‍ഡ്‌ ബാഗില്‍ ഉണ്ടാകും എന്നെനിക്കറിയാം...

എന്നാലും,ഇത് അവളുടെ അവകാശം പോലെയാണ്...

ഒരു നേര്‍ത്ത ചിരിയോടെ മാളു യാത്രയാകും...

ബസ്സില്‍ കയറിക്കഴിഞ്ഞും, ഒരു വട്ടം തിരിഞ്ഞു നോക്കും...

എന്‍റെ മൌനാനുവാദത്തിനെന്ന പോലെ...

ഒരു നിറനിലാവ് പെട്ടെന്ന് മായുന്നതുപോലെ..,വല്ലാത്ത ഒരു ശൂന്യത സമ്മാനിച്ച്‌ അവള്‍ യാത്രയാകും...

ഇന്നും അതിന്‍റെ തനിയാവര്‍ത്തനം തന്നെ...

അവളെ യാത്രയാക്കിക്കഴിഞ്ഞു ഞാന്‍ വീണ്ടും എന്‍റെ ഏകാന്തതകളിലേക്ക്...

കായലോളങ്ങളില്‍  അസ്തമയ സൂര്യന്‍ സ്വര്‍ണ്ണം പൂശുന്നതും നോക്കി വീടിന്‍റെ ബാല്‍ക്കണിയില്‍ ഇനിയും എത്ര നേരം...

കയ്യിലെ ഗ്ലാസില്‍ എടുത്ത ഡ്രിങ്ക് തീര്‍ന്നിരിക്കുന്നു....

ഇനി ഒന്നിനു കൂടിയുള്ള സമയമുണ്ട്...

ഇവിടത്തെ രാത്രി പകലിനെക്കാള്‍ മനോഹരമാണ്...

എനിക്ക് ഓര്‍മകളിലേക്കുള്ള യാത്ര തുടങ്ങാറായി...

ഇനി ഇരുള്‍ വീണു തുടങ്ങും...,രാത്രിയില്‍ മിന്നാമിനുങ്ങുകളെപ്പോലെ കായലിലെ ഓളപ്പരപ്പില്‍ ബോട്ടുകളുടെയും, ചെറു വള്ളങ്ങളുടെയും വിളക്കുകള്‍ കാണാറാവും...

ദൂരെ ഇരുട്ടിലും,കാണാകുന്ന വാകമര നിഴലുകള്‍ എന്നോട് കഥകള്‍ പറഞ്ഞു തുടങ്ങും...

കാറ്റിന്‍റെ ഉഷ്ണഭാവം മാറി, സ്നിഗ്ദ്ധമാര്‍ന്ന കുളിരായി എന്നെ തഴുകാന്‍ തുടങ്ങും...

ഓര്‍മ്മകളിലെ വസന്തവും, ഗ്രീഷ്മവും,ശിശിരവും കണ്ടുകൊണ്ട് ഞാന്‍ ഇവിടെ ഇങ്ങനെ...

അടുത്ത സമാഗമത്തിനായ് കാത്ത്....



ഇന്ദ്രജിത്ത് .

Thursday, April 28, 2016


നിനക്കായ്‌....
 
കിനാവില്‍...
മഞ്ഞുറയുന്ന മലനിരകള്‍ക്കും
മാനസം കിനിയുന്ന വാക്കുകള്‍ക്കും അപ്പുറം
സ്വപ്ന സങ്കല്‍പ്പത്തിന്‍റെ തേരിലേറ്റി
ഒരിക്കല്‍,നിന്നെ ഞാന്‍ കൊണ്ടുപോകും...
 
നിലാവിന്‍റെ സ്നിഗ്ധത നിറയുന്ന ആ രാവില്‍
എന്‍റെ കരളിന്‍റെ ഗസലുകളും
പ്രേമത്തിന്‍റെ ഇശലുകളും
നിനക്കായ്‌ ഞാന്‍ പാടും ...
 
ഏതോ ശമന താളത്തിന്‍റെ
നിശ്വാസ ഗതിവേഗങ്ങളില്‍ ,
വേറിട്ട സ്വപ്നാലസ്യങ്ങളില്‍  മുഴുകി
നീ ഉറങ്ങിക്കഴിയുമ്പോഴും ...
 
നിലാവും നിശയും പിരിയുമ്പോഴും ..
ശിശിരവും ഗ്രീഷ്മവും കൊഴിയുമ്പോഴും
ഞാന്‍ പാടിക്കൊണ്ടേയിരിക്കും
നിനക്കായ്‌ ..നിനക്കായ്‌ മാത്രം....




ഇന്ദ്രജിത്ത്.